Archive

Archive for January 29, 2011

റേഷന്‍ കാര്‍ഡ് എന്ന പൊല്ലാപ്പ്

January 29, 2011 Leave a comment

മത്തായിച്ചേട്ടന്‍ റേഷന്‍ കാര്‍ഡുമെടുത്ത് പുറത്തിറങ്ങാന്‍ നേരം ഭാര്യയോട് വിളിച്ചുപറഞ്ഞു:

“ഡ്യേ, ഞാന്‍ ആ റേഷന്‍ ഓഫീസ് വരൊന്ന് പോയിട്ട് വരാം”

“എന്തിനാണാവോ ?” അന്നാമ്മച്ചേടത്തി ആരാഞ്ഞു.

“എടീ കാര്‍ഡില്‍ അപ്പന്റെ പേരിന്റെ സ്ഥാനത്ത് ചാക്കോച്ചന്‍ പൂളക്കാരന്‍ എന്നതിന് പകരം ഒബാമ
എന്നല്ലേ എഴുതിവെച്ചിരിക്കുന്നേ…ഇനിയിപ്പോ അതൊന്ന് ശര്യാക്കാന്‍ പറ്റ്വൊന്ന് നോക്കാം.”

മത്തായിചേട്ടന്‍ റേഷന്‍ ഓഫീസിലെത്തി. ഒരു കാര്യം സാധിക്കാന്‍ ഇവിടെ എത്ര തവണ കയറിയിറങ്ങണം എന്ന് മത്തായിക്ക് നല്ല പോലെ അറിയാം.

കാര്‍ഡ് നോക്കി ഉദ്യോഗസ്ഥന്‍ പറഞ്ഞു: “നിങ്ങളൊരു കാര്യം ചെയ്യൂ…എലക്ഷന്‍ കാര്‍ഡ് കൊണ്ടു നാളെ വരൂ..നമുക്ക് ശരിയാക്കാം.”

പിറ്റേ ദിവസം മത്തായി എലക്ഷന്‍ കാര്‍ഡും എടുത്ത് വീണ്ടും പോയി.

കാര്‍ഡ് നോക്കി ഓഫീസര്‍ ചോദിച്ചു. “അപ്പന്റെ പേരെന്താണെന്നാ പറഞ്ഞെ ?”

“ചാക്കോച്ചന്‍ പൂളക്കാരന്‍” മത്തായി പറഞ്ഞു.

“എലക്ഷന്‍ കാര്‍ഡില്‍ കുട്ടികൃഷ്ണന്‍ നായര്‍ എന്നാണല്ലോ ചേട്ടാ എഴുതിയിരിക്കുന്നത് ?”

“അത് എലക്ഷന്‍ കാര് തെറ്റിച്ചതിന് നമ്മക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റ്വൊ?, എന്തായാലും ഒരു മലയാളിയുടെ പേരല്ലേ അവര്‍ എഴുതിയുള്ളൂ ?”

“എന്തായാലും മത്തായി ചേട്ടാ നിങ്ങള്‍ പ്രൂഫ് കാണിക്കാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. പ്രൂഫും കൊണ്ട് പിന്നെ വരൂ.”

അല്ലാതെ എന്താ ചെയ്ക ? മത്തായി ചേട്ടന്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.

അപ്പോഴേക്കും പിന്നില്‍ നിന്ന് “ശ്…” എന്ന് ആരോ വിളിച്ചു.

പ്യൂണാണ്.

“എന്തുട്ടാ കാര്യം?” അയാള്‍ ചോദിച്ചു.

മത്തായി കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു.

അപ്പോള്‍ പ്യൂണ്‍ പറഞ്ഞു: “ഒക്കെ ശര്യാക്കാമെന്നേ” എന്നിട്ട് മത്തായിയുടെ പോക്കറ്റില്‍ നോക്കി ചോദിച്ചു. “എന്താ ഉള്ളില്‍ ആ കാണുന്നേ, അഞ്ഞൂറിന്റെ നോട്ടാ ?”

“അല്ല, നൂറിന്റെ നോട്ടാ, എന്തേ ?”

“ഹൈ, നൂറിന്റെ പുത്യെ നോട്ടാണെന്ന് തോന്ന്ണൂ..നോക്കട്ടെ”

“പുതീതൊന്ന്വല്ല..ന്നാ നോക്കിക്കോ” മത്തായി നോട്ടെടുത്തു കാണിച്ചു.

“ന്നാ ഈ നോട്ട് ഞാന്‍ കണ്ടിട്ടില്ലാട്ടോ ചേട്ടാ” എന്നും പറഞ്ഞ് പ്യൂണത് പോക്കറ്റിലിട്ടു. എന്നിട്ട് പറഞ്ഞു: “ചേട്ടന്‍ നാളെ വാ..ഒക്കെ മ്മക്ക് ശര്യാക്കാം.”

അമ്പട വീരാ..! പൂരിപ്പിച്ച ഫോറം അയാളുടെ കയ്യില്‍ കൊടുത്ത് മത്തായി പോയി.

പിറ്റേ ദിവസം തന്നെ മത്തായി ചെന്നു. പ്യൂണ്‍ കണ്ടപാടെ പറഞ്ഞു. “വന്നാട്ടെ, വന്നാട്ടെ…കാര്‍ഡ് റെഡി” അയാള്‍ കാര്‍ഡെടുത്ത് നീട്ടി.

“ങേ ? മിടുക്കാ..! മിസ്റ്റേക്കൊന്നും ഇല്ലല്ലോ?”

“ഏയ് ! ഒക്കെ കറക്റ്റായിട്ട് ഞാന്‍ തന്നെയാ എഴുതിയത്”

കാര്‍ഡ് മേടിച്ച് മത്തായി ആദ്യം തന്നെ അപ്പന്റെ പേരാണ് നോക്കിയത്. ശരിക്കെഴുതിയിട്ടുണ്ടല്ലോ?

പേര് കണ്ട് മത്തായി തരിച്ചു നിന്നുപോയി.

ചാക്കോച്ചന്‍ പൂളക്കാരന് പകരം ജോര്‍ജ് ബുഷ് ! എന്റെ കര്‍ത്താവേ !!

Advertisements
Categories: Joke, Story